Thursday, January 07, 2010

ന്യൂന മര്‍ദ്ദിതം.

ഒരുപാടു മഞ്ഞു പെയ്തതിന്റെ
അടുത്ത പിറ്റേന്നാണ്
നടപ്പാതയാണ് ന്യൂനപക്ഷമെന്ന്
തെളിവു കിട്ടിയത്.
അടുത്ത പറമ്പുകളില്‍
മ്‌അദനി കോണ്‍ഗ്രസ്സിന്റെ
സംസ്ഥാന സമ്മേളനമായിരുന്നോ?

വല ഇര വര ഇല ഇവ..

തനിയേ കുരുക്കിട്ട്
തന്റെ വലയില്‍ ചുറ്റി, തനിയേ, വിഴുങ്ങുന്ന
ഒരു ചിലന്തിയെപ്പോലെ -(;)
വലയുണ്ടായെങ്കില്‍,!
ഇല്ലില്ല.. വലയില്ല

Sunday, January 03, 2010

നിലാവെളിച്ച ഹാര്‍വെസ്റ്റിങ്ങ്

എനിക്കു മനസ്സിലായി.
ഒരു മൊട്ടത്തലയില്ലാത്തതാണെന്റെ പ്രശ്നം;
ഇത്രയേറെ നിലാവെളിച്ചം അല്ലെങ്കിലെങ്ങിനെ പാഴാവുന്നു!

- കുറച്ചു നാളു മുമ്പുള്ള എനിക്കും അപ്പോഴുള്ള വിഷ്ണുമാഷിനും നന്ദി.

Saturday, January 02, 2010

ഇടം വലം പകര്‍ച്ച

തിരിഞ്ഞു നടക്കുമ്പോള്‍
കോപ്പിലെഫ്റ്റായി മാറാനാണ്
ഞാനെന്റെ വഴിയെല്ലാം കോപ്പിറൈറ്റ് ചെയ്യുന്നത്.
എന്നേലും വഴിയിലെവിടെയെങ്കിലും നിന്നു പോവ്വാണെങ്കിലോ?

(അച്ചുതണ്ടിന് ജാമ്യാപേക്ഷ.. ഇനി അതില്ലേല് ഒരു ബലം പിടിച്ച സ്മൈലി മാത്രം!)

Tuesday, December 29, 2009

പക്ഷപാതം

ജനപിന്തുണയുള്ള
ഒരു ജൈവരൂപത്തിന്റെയതേ
രൂപമുള്ളൊരജൈവ രൂപമേ,
ഒരു പിന്തുണയുമില്ലാതെ ഈ പെരുവഴിയില്‍
നീ മഴയും വെയിലും കൊള്ളുന്നു.
വെറും ജൈവ പക്ഷപാതം!

Monday, December 29, 2008

ഒരു കാര്യത്തില്‍ ദൈവത്തിനെ സമ്മതിക്കാതെ വയ്യ !!
പത്തെഴുന്നൂറു കോടി നിങ്ങളും
അതിലുമെത്രയോ കോടി പുഴുക്കളും
അത്രയ്ക്കെത്രയോ കോടി പുല്‍ച്ചാടികളുമുണ്ടായിട്ടും
കടുകടുത്തൊരവിശ്വാസിയായ എന്നെത്തന്നെ
ഞാനായിട്ടുണ്ടാക്കിയ ആ ചങ്കൂറ്റം!

വെല്‍ ഡണ്‍ ബ്രേവ് ബോയ്.. വെല്‍ ഡണ്‍ !

വലം കാലിലെ ചെറുവിരലിനും ഇടത്തേ ചെവിക്കുമിടയിലെവിടെയോ ആയിരുന്നു
ഈ മനസ്സെന്ന കൊണാണ്ടറുണ്ടായിരുന്നത്..!
അവിടെയെവിടെയോ
തളര്‍ന്നു പോയ വികാരങ്ങള്‍ ഉറക്കത്തിലേക്കു തിരിഞ്ഞു പോകുന്നൊരു പാലമുണ്ട്.
ഒരു പൂച്ച പമ്മിപ്പമ്മി നടക്കുന്നതു പോലെ അവനവിടിവിടെ നടക്കുന്നതെനിക്കറിയാം
ചിലപ്പോഴൊക്കെ അവന്റെ മീശരോമങ്ങള്‍ തട്ടി എന്റെ വാരിയെല്ലിന്റെ തട്ടുമ്പുറത്ത്
അസുഖകരമായൊരിക്കിളിയുണ്ടാവും.
മറ്റു ചിലപ്പോള്‍ എവിടെന്നെന്നറിയാതെ വാറ്റു വാങ്ങി വീശി ലക്കു കെട്ടവനെ പോലെ നടക്കും.
ഒരു കാലത്ത് ഒഴിവാക്കാന്‍ പറ്റാത്തൊരിതെന്ന് ഞാനവനെ പറ്റി ശരിക്കും തെറ്റിദ്ധരിച്ചിരുന്നു
മൂന്നാമത്തെ പ്രേമത്തിന്റെ അനിവാര്യമായ ദേഹോപദ്രവം കഴിഞ്ഞപ്പോള്‍
സ്വാഭാവികമായും ഞാനവനെ ഒതുക്കി.
(ശരിക്കും മൂന്നേ ഉള്ളോ എന്നു നിങ്ങളത്ഭുതപ്പെടരുത്.. ചന്ദ്രനില്‍ ഒറ്റൊരു മുയലേയുള്ളോ എന്നും ചോദിക്കരുത്.)
എന്തായാലും ആമാശയത്തിന്റെ ഇടത്തേ കോണില്‍ വിശപ്പിന്റെ ഡെയിലി മാനേജുമെന്റാണിപ്പോ പുള്ളീടെ പണി.
മനസ്സു വച്ചു ചോറുണ്ണുന്നതു നല്ലൊരതല്ലേ..(അത് ഏതെന്നും ചോദിക്കരുത്)
അതീവ ഗഹനമായ ആ എക്സര്‍ സൈസു കഴിയുമ്പോ അവനു ഞാന്‍ കണ്ണിനു മുന്നില്‍ പായ വിരിച്ചു കൊടുക്കും
കിടന്നുറങ്ങുകയോ കാണുന്ന കാഴ്ചകളെ കമന്റടിക്കുകയോ ചെയ്തോളും.
ചിലപ്പോഴൊക്കെ പഴയ പ്രതാപം പറഞ്ഞു സങ്കടം പറയാന്‍ വരാറുണ്ട്. ഇച്ചിരി നേരം കേട്ടിട്ട് നാരങ്ങവെള്ളം കൊടുത്തു വിടും.. പിണക്കി വിട്ടാല്‍, മനുഷ്യന്റെ മനസ്സല്ലേ എന്താ ചെയ്യാന്നറിയില്ലല്ലോ !
മറ്റു ചില്ലറ വില്‍പ്പന ശാലകളിലും ചെല ചെല ചെറിയ പണികള്‍ പുള്ളിക്കു കൊടുക്കാറുണ്ട്
പക്ഷേ.. വന്‍ വന്‍ കാര്യങ്ങളില്‍ ഇനി ഇടപെടുത്തിക്കില്ലാന്നൊരു തീരുമാനമുണ്ട്..
അതു പുള്ളിക്കുമറിയാം..
അതു കൊണ്ടാവാം ഇപ്പോ മനസ്സുറപ്പിച്ചൊന്നും പറയാനൊക്കാത്തേ..!!